തൃശൂർ: കാപ്പ നിയമ പ്രകാരം നാടു കടത്തിയ പ്രതി കഞ്ചാവുമായി പിടിയിൽ. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ പ്രാൺ എന്ന ജിനേഷ് (36) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയത്. നിയമം ലംഘിച്ച് ചെന്ത്രാപ്പിന്നിയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐ.സജിപാൽ, സീനിയർ സി.പി.ഒ മുഹമ്മദ് റാഫി, അനന്തു മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിക്കായി രാത്രി പൊതുവഴിയിൽ വച്ച് നടന്ന പിറന്നാൾ ആഘോഷം വലിയ രീതിയിൽ ചർച്ചയാവുന്നു. കാപ്പാ എന്ന് പ്രത്യേകം എഴുതിയ കേക്കാണ് സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ചേർന്ന് സംഘടിപ്പിച്ച ആഘോഷത്തിൽ മുറിച്ചത്. ശനിയാഴ്ച രാത്രി പൊതുനിരത്തിൽ സംഘടിപ്പിച്ച ശരണിന്‍റെ പിറന്നാൾ ആഘോഷത്തിൽ അമ്പതിലധികം യുവാക്കൾ പങ്കെടുത്തിരുന്നു. കാറിന്‍റെ ബോണറ്റിൽ നിരത്തിവെച്ച കാപ്പാ എന്ന് എഴുതിയ കേക്കായിരുന്നു ആഘോഷത്തിന്റെ ഹൈലൈറ്റ്. വെറൈറ്റി ആഘോഷം റീലുകളാക്കി ഇവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം ചർച്ചയാകുന്നത്.