തിരുവനന്തപുരം: തലസ്ഥാനത്ത് തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വിൽപന നടത്തിവന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അഴൂർ കായൽവരമ്പിൽവീട്ടിൽ പ്രദീഷി(39)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 250 ഗ്രാം കഞ്ചാവും 31.700 ലിറ്റർ വാറ്റുചാരായവും എക്സൈസ് കണ്ടെടുത്തു. തീരദേശമേഖല ലക്ഷ്യം വെച്ച് രാത്രികാലങ്ങളിൽ അഴൂർ കായൽ പുറമ്പോക്കിൽ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എത്തിക്കുന്നതായും നാടൻചാരായം വിൽപന നടത്തുന്നതായും എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ചിറയിൻകീഴ് എക്സൈസ് സംഘം കുറച്ചുദിവസമായി നിരീക്ഷണം ശക്തമാക്കിയിരുന്നു.
പരിശോധനയ്ക്കിടെ കഴിഞ്ഞദിവസം ഒരു കഞ്ചാവ് ചെടിയും എക്സൈസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകൾക്ക് നേതൃത്വം നൽതുന്നത് പ്രദീഷ് ആണെന്ന് എക്സൈസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെയും പിന്തുടരുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.
ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ ദീപുകുട്ടൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഷിബുകുമാർ, കെ.ആർ. രാജേഷ് പ്രിവന്റിവ് ഓഫിസർ അബ്ദുൽ ഹാഷിം, ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത് കുമാർ, വൈശാഖ്, അജാസ്, ശരത്ബാബു, റിയാസ്, ശരത് വനിത സിവിൽ എക്സൈസ് ഓഫിസർ രാരി, സ്മിത, ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.