ന്യൂഡൽഹി : മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള സാമ്പത്തികമായ ദുർബല വിഭാഗത്തിലെ ഗുണഭോക്താവിനെ നിശ്ചയിക്കാനുള്ള മാനദണ്ഡം ഈ വർഷത്തേക്ക് നിലവിലുള്ളതുപോലെ നിലനിർത്തുമെന്ന് കേന്ദ്രസർക്കാർ. അടുത്ത വർഷം മുതൽ പുതിയ മാനദണ്ഡം അനുസരിച്ചായിരിക്കും പ്രവേശനമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വാർഷിക വരുമാന പരിധി എട്ട് ലക്ഷമായിത്തന്നെ പുതിയ മാനദണ്ഡത്തിൽ നിലനിർത്തിയിട്ടുണ്ട്. എന്നാൽ വരുമാനം കണക്കിലെടുക്കാതെ അഞ്ച് ഏക്കറോ അതിൽ കൂടുതലോ കൃഷിഭൂമിയുള്ള കുടുംബങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നീറ്റ് വിദ്യാർഥികളുടെ പ്രവേശനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡം മാറ്റുന്നത് പ്രയാസങ്ങൾക്കിടയാക്കുമെന്നും സർക്കാർ സർക്കാർ സുപ്രീം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഒബിസി വിഭാഗത്തെ നിർണയിക്കുന്നതിനുള്ള മാനദണ്ഡമായ എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനത്തിൽ സാമ്പത്തിക ദുർബല വിഭാഗത്തെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി നിശ്ചയിച്ചത് എങ്ങനെയാണെന്ന് കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. നിലവിലുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുമെന്നും നാലാഴ്ചയക്കകം തീരുമാനമെടുക്കുമെന്നും നവംബറിൽ നടന്ന വാദത്തിനിടയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു.