തൃശ്ശൂർ: തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കാൻ നീക്കവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. വിഷയം ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന യോഗത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. ജനുവരി നാലിന് കേസ് കോടതി പരിഗണിക്കുമ്പോൾ അനുകൂല നിലപാട് ഇല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കാനാണ് ഇപ്പോഴത്തെ നീക്കം.
തൃശ്ശൂർ പൂരം എക്സിബിഷനുവേണ്ടി രണ്ട് കോടിയിലധികം രൂപയാണ് കൊച്ചിൻ ദേവസ്വം ബോർഡ് വാടകയായി ആവശ്യപ്പെടുന്നത്. വാടക സംബന്ധിച്ച തർക്കം ചർച്ച ചെയ്യാൻ ഇന്നലെ ദേവസം മന്ത്രി കെ രാധാകൃഷ്ണൻ റവന്യൂ മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ആവശ്യങ്ങൾ കേട്ടതല്ലാതെ ഒരു തീരുമാനവും യോഗത്തിൽ ഉണ്ടായില്ല.
ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് വരുന്ന നാലിന് ഹൈക്കോടതിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രിംകോടതി സമീപിക്കാനാണ് നിലവിൽ ദേവങ്ങളുടെ നീക്കം. പൂരം ഇക്കൊല്ലം ഏപ്രിലിൽ എത്തുന്നത് കൊണ്ട് തന്നെ എക്സിബിഷൻ നേരത്തെ തുടങ്ങേണ്ടതുണ്ട്. വാടക സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് പൂര പ്രേമികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.