ഗുരുവായൂർ : ഗുരുവായൂർ ഥാർ ലേലത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ദേവസ്വം ഭരണസമിതി യോഗം ഇന്ന് ചേരും. ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ, ലേലത്തിൽ പിടിച്ച അമൽ മുഹമ്മദലിക്ക് കൈമാറുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് യോഗം ചേരുന്നത്. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമൽ സ്വന്തമാക്കിയത്. ജിഎസ്ടി ഉൾപ്പടെ പതിനെട്ടു ലക്ഷത്തോളം രൂപ വരും.
വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നൽകാൻ തയ്യാറായിരുന്നു എന്ന് അമൽ മുഹമ്മദലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ ലേലം ഉറപ്പിച്ചത് താൽക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നുമായിരുന്നു ദേവസ്വം ചെയർമാന്റെ നിലപാട്. ഇതോടെയാണ് സംഭവം വിവാദമായത്. രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന്റെ അധ്യക്ഷതയിൽ ദേവസ്വം കാര്യാലയത്തിലാണ് യോഗം.