ഹരിയാന: വിദ്യാർത്ഥികളെ എല്ലാ മേഖലകളിലും സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി സംസ്ഥാനത്തെ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനം നിർബന്ധിത പഠന വിഷയമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിതവും മികച്ചതുമായ വിദ്യാഭ്യാസ സംവിധാനങ്ങൾ ലഭ്യമാക്കാൻ സർക്കാർ അക്ഷീണം പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീവാനിയിൽ ഹരിയാന സ്കൂൾ എഡ്യൂക്കേഷൻ ബോർഡിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ കാലഘട്ടത്തിൽ നൈപുണ്യ സർവ്വകലാശാലകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹരിയാനയിലെ ആദ്യ സർവ്വകലാശാല പൽവാളിൽ സംസ്ഥാന സർക്കാർ സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP), 2020 വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നയത്തിൽ, വിദ്യാഭ്യാസത്തിനും തൊഴിലിനുമൊപ്പം, വിദ്യാർത്ഥികളെ സംസ്‌കാരമുള്ളവരും സ്വയംപര്യാപ്തരുമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം, അതുവഴി ഇന്ത്യയെ വീണ്ടും ആഗോള മേധാവിത്യമാക്കി മാറ്റുന്നതിൽ അവർക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ സാധിക്കു,” ഖട്ടർ പറഞ്ഞു.
9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നൈപുണ്യ വികസനം എന്ന വിഷയം നിർബന്ധമായും നടപ്പാക്കുമെന്നും അതിലൂടെ സംസ്ഥാനത്തെ യുവാക്കൾ എല്ലാ മേഖലകളിലും സ്വയം പര്യാപ്തരാകുമെന്നും ഖട്ടർ പറഞ്ഞു. ഭിവാനിയിലെ ഗവൺമെന്റ് മോഡൽ സംസ്‌കൃതി സീനിയർ സെക്കൻഡറി സ്‌കൂൾ, ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച ലാബുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ലാബുകളുടെ ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകിയിട്ടുണ്ടെന്നും ഖട്ടർ പറഞ്ഞു.
പൊതുവെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ പൊതുപാഠ്യപദ്ധതിയിൽ ഒതുങ്ങുകയാണ്. ഈ ലാബുകൾ സ്ഥാപിക്കുന്നതോടെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കും പ്രപഞ്ചരഹസ്യങ്ങൾ പഠിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധബാധിതമായ ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രം എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ആവർത്തിച്ചു. ഉക്രെയ്നിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ സംസ്ഥാനത്തെ പൗരൻമാരെ തിരികെ കൊണ്ടുവരാൻ ഹരിയാന സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.