കൊച്ചി : സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖ. നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരും. വിദ്യാഭ്യാസ, ആരോഗ്യമേഖലക്ക് കൂടുതൽ ഊന്നൽ നൽകിയുള്ള രേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. വിദേശ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉടച്ച് വാർക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കണം. വ്യവസായ മേഖലയിൽ ഉണർന്ന് നൽകുന്ന പദ്ധതികൾ കൊണ്ട് വരണം. വ്യവസായികളെ കേരളത്തിലേ ക്ക് ആകർഷിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെ ന്നും റിപ്പോർട്ട് പറയുന്നുണ്ട്. പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടിവരും.
അതേസമയം പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർന്നോയെന്ന് പരിശോധിക്കണമെന്ന് റിപ്പോർട്ട് ആവശ്യപെടുന്നുണ്ട്. പുതിയ കാലത്തിന്റെ സാധ്യത മനസിലാക്കി സിലബസ് നവീകരിക്കണം. എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഗൗരവമായി വിലയിരുത്തണം. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവാരം പുലർത്തുന്നോയെന്ന് പരിശോധിക്കണമെന്നാണ് മറ്റൊരാവശ്യം. ആരോഗ്യ രംഗത്ത് സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പാലിയേറ്റീവ് രംഗത്തെ പോരായമകൾ പരിശോധിക്കണമെന്നും സമ്മേളത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.പ്രവർത്തന റിപ്പോർട്ടിലും നവകേരള വികസന രേഖയിലും ഇന്നും നാളെയും പൊതു ചർച്ച നടക്കും. പ്രവർത്തന റിപ്പോർട്ടിൽ ഏഴര മണിക്കൂറും നവകേരള രേഖയിൽ അഞ്ചര മണിക്കൂറുമാണ് ചർച്ച. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിമർശനങ്ങൾ ചർച്ചയിൽ ഉയർന്നു വരും.