പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവര്‍ത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. & വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരി 26 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ വികസനത്തില്‍ നിര്‍ണായകമാകുന്ന പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇത് പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി വ്യക്തമാക്കി.