മംഗളൂരു: അയോധ്യയിലെ ബാബറി മസ്ജിദിന് 1992 ഡിസംബർ ആറിന് സംഭവിച്ച വിധിയാണ് ഭട്കൽ മസ്ജിദിനേയും കാത്തിരിക്കുന്നതെന്ന് ബി.ജെ.പി എം.പി അജിത് കുമാർ ഹെഗ്ഡെയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെ സംഘ്പരിവാർ രംഗത്ത്. ഉത്തര കന്നട എം.പിയായ അജിത്തിന്റെ വാക്കുകളുടെ ചുവടുപിടിച്ച് ഉത്തര കന്നട ജില്ലയിലെ ഭട്കൽ മക്ക മസ്ജിദ് പരിസരത്ത് സംഘ്പരിവാർ ‘ദേവി നഗർ’ ബോർഡ് സ്ഥാപിച്ച് കാവിക്കൊടി നാട്ടി. ഇതോടെ മേഖലയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.
ജാലി പടൻ പഞ്ചായത്ത് ജാലി റോഡ് സെക്കന്റ് ക്രോസ് റോഡിലാണ് മസ്ജിദ്. ഇവിടെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇത് സ്ഥാപിക്കാൻ പഞ്ചായത്തിന്റെ അനുമതി തേടുക പോലും ചെയ്തിട്ടില്ല. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതർ പൊലീസ് സാന്നിധ്യത്തിൽ ബോർഡ് നീക്കം ചെയ്തു. ഇതിനെതിരെ സംഘ്പരിവാർ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു.അപേക്ഷ നൽകി ഉചിത മാർഗത്തിൽ നീങ്ങുകയാണ് ചെയ്യേണ്ടതെന്ന് അഡി. ജില്ല പൊലീസ് സൂപ്രണ്ട് സി.ടി. ജയകുമാർ പ്രതിഷേധക്കാരെ അറിയിച്ചു. തഹസിൽദാർ തിപ്പെ സ്വാമി, ഭട്കൽ ഡിവൈ.എസ്.പി ശ്രീകാന്ത് എന്നിവരും പ്രതിഷേധക്കാരുമായി സംസാരിച്ചു.വിദ്വേഷ പ്രസംഗം നടത്തിയതിന് എംപിക്ക് എതിരെ കുംട പൊലീസ് കേസെടുത്തിരുന്നു. ചിരപുരാതനമായ ഭട്കൽ മസ്ജിദിന് അഞ്ച് കിലോമീറ്റർ അകലെയാണ് മക്ക മസ്ജിദ്.