ദില്ലി: ഇൻഡിഗോ എയർലൈൻസിന് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. പ്രവർത്തന വൈദഗ്ധ്യക്കുറവിനെത്തുടർന്നാണ് പിഴയിട്ടത്. കഴിഞ്ഞ ആറുമാസത്തിനിടെ ലാൻഡിങ്ങിനിടെ നാലുതവണ ടെയിൽ സ്ട്രൈക്കുകൾ(ലാൻഡിങ്ങിനിടെയിലോ ടേക്ക് ഓഫിനിടിയിലോ വാലറ്റം നിലത്തുതട്ടുന്ന സംഭവം) ഉണ്ടായതിനെ തുടർന്നാണ് പിഴ. ഓഡിറ്റ് പരിശോധനയിൽ ഇൻഡിഗോയുടെ വിമാനങ്ങൾക്ക് തുടർച്ചയായി ടെയിൽ സ്ട്രൈക്കുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ചില പാളിച്ചകൾ കണ്ടെത്തിയതിന് പിന്നാലെ എയർലൈൻ കമ്പനിയിൽ നിന്ന് ഡിജിസിഎ വിശദീകരണം ആവശ്യപ്പെട്ടു. മറുപടിയിൽ തൃപ്തിയില്ലാത്തതിനെ തുടർന്നാണ് പിഴ ഈടാക്കിയത്. ടെയിൽ സ്ട്രൈക്കുകൾ തുടർച്ചയായി ഉണ്ടാകുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നാണ് പറയുന്നത്. സംഭവിക്കുമ്പോൾ അപകട സാധ്യത കുറവാണെങ്കിലും വിമാനത്തിന് കേടുപാടുകൾ ഉണ്ടാകാം.
ടെയിൽ സ്ട്രൈക്ക് സംഭവിച്ചാൽ കൃത്യമായി പരിശോധിച്ച ശേഷം അറ്റകുറ്റപ്പണികൾക്ക് ശേഷം മാത്രമേ സർവീസ് അനുവദിക്കൂ. കേടുപാട് വന്ന വിമാനത്തിന് അപകടസാധ്യത കൂടുതലാണ്.തുടർച്ചയായി ടെയിൽ സ്ട്രൈക്കുകൾ സംഭവിക്കുന്നത് ഡിജിസിഎ അംഗീകരിക്കില്ല. സുരക്ഷാ വീഴ്ചയായിട്ടാണ് പരിഗണിക്കുക. ജൂൺ 15ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ടൈയിൽ സ്ട്രൈക്ക് സംഭവിച്ചതിന് പിന്നാലെ പൈലറ്റിനും സഹപൈലറ്റിനും ലൈസൻസ് റദ്ദാക്കി. ക്യാപ്റ്റന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും പൈലറ്റിന്റേത് ഒരു മാസത്തേക്കുമാണ് റദ്ദാക്കിയത്.