ന്യൂഡൽഹി: പൈലറ്റുമാരും കാബിൻ ക്രൂവും പെർഫ്യൂം ഉപയോഗിക്കരുതെന്ന കരടു ശിപാർശയുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ബ്രീത്തലൈസർ ടെസ്റ്റ് (ബ്രീത്ത് അനലൈസർ ടെസ്റ്റ്) സമയത്ത് പെർഫ്യൂം ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശമാണ് ഡി.ജി.സി.എ മുന്നോട്ടുവെക്കുന്നത്. പെർഫ്യൂമുകളിൽ ഉയർന്ന തോതിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ളതിനാൽ ബ്രീത്തലൈസർ പരിശോധനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡി.ജി.സി.എ ചൂണ്ടിക്കാട്ടുന്ന കാരണം.ക്രൂ അംഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ മൗത്ത് വാഷ്, ടൂത്ത് ജെൽ, പെർഫ്യൂം തുടങ്ങിയവയോ ആൽക്കഹോൾ ഉൾപ്പെടുന്ന വസ്തുക്കളോ ഉപയോഗിക്കരുത്. ഇത്തരം വസ്തുക്കൾ ഉപയോഗിച്ചാൽ ബ്രീത്തലൈസർ ടെസ്റ്റിന്‍റെ ഫലം പോസിറ്റീവ് ആയിരിക്കും. ഏതെങ്കിലും ക്രൂ അംഗങ്ങൾ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ വിവരം ഡ്യൂട്ടിക്ക് പ്രവേശിക്കുന്നതിന് മുമ്പായി കമ്പനി ഡോക്ടറെ അറിയിക്കേണ്ടതാണ്.
അതേസമയം, പൊതു അഭിപ്രായം ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു ശിപാർശ മുന്നോട്ടു വെച്ചിരിക്കുന്നതെന്ന് ഡി.ജി.സി.എ മേധാവി അറിയിച്ചു.ഇന്ത്യയിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാരും കാബിൻക്രൂവും അടങ്ങുന്നവർ ഡ്യൂട്ടിക്ക് പ്രവേശിക്കുന്നതിന് മുമ്പായി ബ്രീത്തലൈസർ ടെസ്റ്റ് നടത്തണമെന്ന കർശന നിർദേശം ഡി.ജി.സി.എ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യപിച്ചവരെ കണ്ടെത്താനുള്ള ഈ ടെസ്റ്റ് കാമറക്ക് മുമ്പിലാണ് നടത്തുന്നത്.