മുബൈ: വിമാനയാത്രക്കിടെ കോക്പിറ്റിൽ അനധികൃതമായി യാത്രക്കാരനെ പ്രവേശിപ്പിച്ച സംഭവത്തിൽ എയർഇന്ത്യ പൈലറ്റിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന ഫസ്റ്റ് ഓഫിസറുടെ ലൈസൻസ് ഒരു മാസത്തേക്കും സസ്പെൻഡ് ചെയ്തതായി ഡി.ജി.സി.എ അറിയിച്ചു. ഇരു പൈലറ്റുമാർക്കെതിരെയും അന്വേഷണം നടത്താനും നിർദേശമുണ്ട്. കോക്പിറ്റിൽ ആളെ കയറ്റുന്നത് നിയമലംഘനമാണ്. ജൂൺ മൂന്നിന് ചണ്ഡിഗഢിൽനിന്നും ലെ ലഡാക്കിലേക്കുള്ള എയർ ഇന്ത്യ (എ.ഐ-458) വിമാനത്തിന്റെ കോക്പിറ്റിലാണ് ആളെ കയറ്റിയത്.
വിമാനം പുറപ്പെടുമ്പോൾ കോക്പിറ്റിൽ കയറിയ വ്യക്തി യാത്ര തീരുന്നതുവരെ അവിടെ തുടർന്നുവെന്നുമാണ് കണ്ടെത്തൽ. ഇത്തരം നിയമലംഘനം മുഖ്യപൈലറ്റിന്റെ ശ്രദ്ധയിൽപെടുത്തി തടയാതിരുന്നതിനാണ് സഹ പൈലറ്റായ ഫസ്റ്റ് ഓഫിസർക്കെതിരെയും നടപടിയെടുത്തത്.