തിരുവനന്തപുരം : സമൂഹ മാധ്യമത്തിലൂടെ വി എസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. നിരവധി പരാതികളാണ് ഡിജിപിക്ക് വിനായകനെതിരെ സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിരിക്കുന്നത്. വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റകരമായ അധിക്ഷേപ പരാമർശങ്ങൾ ഇല്ലെന്ന അഭിപ്രായവും നിയമ വിദഗ്ധർ പറയുന്നു. കേന്ദ്രബാലാവകാശ കമ്മീഷനും മഹാരാഷ്ട്ര സൈബർ സെല്ലിലും അടക്കം വിനായകനെതിരെ പരാതിയെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രൊഫൈൽ ചിത്രം അടക്കം ഫേസ്ബുക്ക് പോസ്റ്റിൽ അനുമതി കൂടാതെ ഉപയോഗിച്ചുവെന്ന മുംബൈ മലയാളിയുടെ പരാതി കേരള ഡിജിപിക്കും ലഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജനപ്രസ്ഥാനങ്ങളിൽ നിന്നും പരാതിയുണ്ട്.