തളിപ്പറമ്പ് : പൊന്നു മോനെ നഷ്ടപ്പെട്ട അമ്മയുടെ നെഞ്ചുപൊട്ടുന്ന നിലവിളി ആര്‍ക്കും കണ്ടുനില്‍ക്കാനായില്ല. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ കലാലയ രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അമ്മയുടെ കരച്ചില്‍ കണ്ടു സഹിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും വിതുമ്പി, ചിലര്‍ പൊട്ടിക്കരഞ്ഞു. ആരുടെയും കരള്‍ പിളര്‍ക്കുന്ന രംഗങ്ങളായിരുന്നു തൃച്ചംബരം പട്ടപ്പാറയിലെ ‘അദ്വൈത്’ എന്ന വീട്ടില്‍ ഇന്നലെ. ക്രിസ്മസ് അവധി കഴിഞ്ഞു കോളജിലേക്കു തിരിച്ചുപോയതായിരുന്നു ധീരജ്. വീട്ടിലെത്തിയ സിപിഎം നേതാക്കളോടും നാട്ടുകാരോടും ‘എന്റെ മോനെ കൊന്നവരോട് എന്നെക്കൂടി കൊല്ലാന്‍ പറ…’ എന്നു വിലപിക്കുകയായിരുന്നു ധീരജിന്റെ അമ്മ കല. ആശ്വസിപ്പിക്കാന്‍ പോലും സാധിക്കാതെ കെട്ടിപ്പിടിച്ച് അനുജന്‍ അദ്വൈതും കരഞ്ഞു. അടുത്ത മുറിയില്‍ കരഞ്ഞു തളര്‍ന്ന അവസ്ഥയിലായിരുന്നു പിതാവ് രാജേന്ദ്രന്‍. ക്ലാസില്ല, എങ്കിലും പ്രോജക്ടുകള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നു പറഞ്ഞാണ് ധീരജ് ഇവിടെ നിന്ന് പോയതെന്നു കല പറഞ്ഞു. പ്രോജക്ടുകള്‍ ഇവിടെ നിന്നു ചെയ്താല്‍ മതിയെന്നു പറഞ്ഞതാണ്. ഒരു കുഴപ്പത്തിനും പോകുന്നവനായിരുന്നില്ല… ഇത്തരം രാഷ്ട്രീയത്തിനൊന്നും അവന്‍ പോകാറില്ലായിരുന്നു… സങ്കമടക്കാനാകാതെ കല പറഞ്ഞു.
കൂവോട് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സായ കല ജോലി കഴിഞ്ഞു വരുന്നതിനു മുന്‍പേ തന്നെ ധീരജിന്റെ മരണമറിഞ്ഞു സിപിഎം നേതാക്കളും നാട്ടുകാരും വീട്ടില്‍ എത്തിയിരുന്നു. പിതാവ് രാജേന്ദ്രനോടു മകനു പരുക്കേറ്റു എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. അനുജന്‍ അദ്വൈതിനു സംഭവങ്ങളുടെ ഗൗരവം അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അമ്മ വരുന്നതിനു മുന്‍പ് എല്ലാവരും വീട്ടില്‍ നിന്നു മാറണമെന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നു മറ്റുള്ളവര്‍ മാറുകയായിരുന്നു.
ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് എത്തിയ കലയോടും ധീരജിനു സംഘര്‍ഷത്തില്‍ പരുക്കേറ്റു എന്നു മാത്രമാണു പറഞ്ഞത്. എന്നാല്‍ സ്ഥലത്തെത്തിയ ആളുകളെ കണ്ടു കല സത്യം മനസ്സിലാക്കുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.സുകന്യ, മഹിളാ അസോസിയേഷന്‍ നേതാക്കളായ എം.സുകന്യ, പി.കെ.ശ്യാമള, ഒ.സുഭാഗ്യം എന്നിവര്‍ കലയെ ആശ്വസിപ്പിക്കാന്‍ പാടുപെട്ടു. എന്റെ മോനെ അവര്‍ അപകടപ്പെടുത്തിയിട്ടുണ്ട്… അല്ലാതെ നിങ്ങളെല്ലാവരും ഇവിടെ വരില്ലല്ലോ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ കലയുടെ മുന്‍പില്‍ എല്ലാവരും നിശ്ശബ്ദരായി.