ഇടുക്കി : ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുള്ള പോലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി നിഖില്‍ പൈലി, നാലാം പ്രതി നിതിന്‍ ലൂക്കോസ്, ആറാം പ്രതി സോയിമോന്‍ സണ്ണി എന്നിവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കഞ്ഞുക്കുഴി പഞ്ചായത്തംഗം കൂടിയായ സോയിമോന്‍ സണ്ണി ഒഴികെയുള്ള അഞ്ച് പ്രതികളെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ കേസിലെ പ്രധാന തെളിവായ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല. മെറ്റല്‍ ഡിറ്റക്ടറും കാന്തവുമൊക്കെ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. കത്തി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കത്തി ഉപേക്ഷിച്ചപ്പോള്‍ നിഖില്‍ പൈലിക്ക് ഒപ്പം വാഹവത്തില്‍ ഉണ്ടായിരുന്ന നിതിനേയും സോയിമോനെയും കസ്റ്റഡിയില്‍ വാങ്ങി വീണ്ടും തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനിച്ചത്.