ഇടുക്കി : ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം വന്നേക്കും. സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഉന്നത ഗൂഢാലോചന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ പ്രത്യക സംഘം വരുന്നത്. ഇതിനിടെ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന് ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിട്ടുള്ളത്. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഇടുക്കി ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പോലീസ് സമര്‍പ്പിക്കും.
സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവര്‍ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖില്‍ പൈലിയും ജെറിന് ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്