ഇടുക്കി : ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും. നിഖില്‍ ജെറിന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. കൊലപാതകം ആസൂത്രിതമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും നിര്‍ണായക തെളിവായ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. അതേസമയം നിരവധി പേര്‍ ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ടതാണെന്ന് നിഖില്‍ കോടതിയില്‍ പറഞ്ഞു. ധീരജുമായി വാഹനം കടന്നു പോയപ്പോഴാണ് താന്‍ കത്തിക്കുത്ത് നടന്നത് അറിഞ്ഞതെന്നായിരുന്നു ജെറിന്റെ വാദം. കണ്ടാലറിയാവുന്ന നാലുപേര്‍ ഉള്‍പ്പെടെ ആറു പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതില്‍ നാല് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ഇന്നും ചോദ്യം ചെയ്യും. കഴിഞ്ഞദിവസം പറവൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത കെ.എസ്.യു യൂണിറ്റ് ഭാരവാഹിയെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. ഇയാള്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. നാളെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.