മുംബൈ: യുട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. സ്പീക്കർ ഓം ബിർളയുടെ മകളെ അപമാനിച്ചുവെന്ന പരാതിയിലാണ് പൊലീസ് നടപടി. ധ്രുവ് റാഠിയുടെ ട്വീറ്റ് ഓം ബിർളയുടെ മകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധു പരാതി നൽകിയത്.
സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർള പരീക്ഷ പോലും ഏഴുതാതെ യു.പി.എസസ്‍സി പരീക്ഷയിൽ വിജയിച്ചിരുന്നുവെന്നായിരുന്നു ധ്രുവിന്റെ ട്വീറ്റ്. ധ്രുവിനെതിരെ ഐ.ടി ആക്ട്, അപകീർത്തിപ്പെടുത്തൽ, മനപ്പൂർവം മാനഹാനിയുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
പരീക്ഷയെഴുതാതെ യു.പി.എസ്.സിയിൽ വിജയിക്കാൻ കഴിയുന്ന ഏക രാജ്യമാണ് ഇന്ത്യ. ഇതിന് നിങ്ങൾ ലോക്സഭ സ്പീക്കർ ഓം ബിർളയുടെ മകളായി ജനിക്കണം. പരീക്ഷക്കിരിക്കാതെയാണ് ബിർളയുടെ മകൾ അഞ്ജലി പരീക്ഷ പാസായതെന്നും വിദ്യഭ്യാസ സമ്പ്രദായത്തെ മുഴുവൻ മോദി സർക്കാർ പരിഹസിക്കുകയാണെന്നും ധ്രുവ് റാഠി ട്വീറ്റിൽ പറഞ്ഞിരുന്നു.
ധ്രുവിന്റെ ട്വീറ്റ് വിവാദമായതോടെ അഞ്ജലിയുടെ ബന്ധു നമാൻ മഹേശ്വരി പൊലീസിൽ പരാതി നൽകി. 2019ൽ ആദ്യ ശ്രമത്തിൽ തന്നെ അഞ്ജലി യു.പി.എസ്.സി പരീക്ഷ പാസായെന്ന് പരാതിയിൽ നമാൻ മഹേശ്വരി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കേസിൽ ധ്രുവ് റാഠിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.