സിനിമാ കുടുംബത്തിൽ നിന്നും എത്തി പ്രേക പ്രീയം നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ധ്യാൻ ഇതിനോടകം നിരവധി സിനിമകളും കഥാപാത്രങ്ങളും ആണ് മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. സിനിമയ്ക്ക് പുറമെ ധ്യാനിന്റെ ഇന്റർവ്യൂകൾ എപ്പോഴും ട്രെന്റിങ്ങിൽ ഇടംനേടാറുണ്ട്. തന്റെ സിനിമകളെക്കാൾ കൂടുതൽ ഓടുന്നത് ഇന്റർവ്യൂകൾ ആണെന്ന് ധ്യാൻ തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. തന്നോട്ട് ചോദിക്കുന്ന ഉത്തരങ്ങൾക്ക് അർഹിക്കുന്ന രീതിയിൽ ആയിരിക്കും നടൻ മറുപടി കൊടുക്കുക. ചോദ്യ കർത്താവിന്റെ ശൈലിയിൽ തന്നെയാകും പലപ്പോഴും മറുപടികൾ നൽകാറുള്ളതും. അവ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ പരാജയ സിനിമകൾ ആണെന്നറിഞ്ഞിട്ടും എന്തുകൊണ്ട് അത്തരം സിനിമകൾ ചെയ്യുന്നുവെന്ന ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
താൻ സിനിമയെ കലയായിട്ടല്ല വെറും ജോലി മാത്രമായാണ് കണുന്നതെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. വരുന്ന സ്ക്രിപ്റ്റുകൾ മോശമാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. പരാജയങ്ങൾ നേരിട്ടിട്ടും എന്റെ സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂവെന്നും ധ്യാൻ പറഞ്ഞു. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.
“സിനിമ പരാജയപ്പെട്ടിട്ടും എന്തുകൊണ്ട് എനിക്ക് ഇത്രയും സിനിമകൾ ? എന്നാണ് ചോദിക്കേണ്ടത്. കാരണം ഞാൻ ആരുടെ അടുത്തും പോയിട്ട് എനിക്ക് സിനിമ താ എന്ന് പറയാറില്ല. എന്റെ സിനിമകൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് വീണ്ടും സിനിമകൾ തരുന്നത്? ഒരു പ്രൊഡ്യൂസർ അല്ലെങ്കിൽ ഡയറക്ടർ കഥ കേട്ട് അവർ തീരുമാനിച്ച് ഉറപ്പിച്ച നടന്റെ അടുത്തേക്കാണ് വരുന്നത്. പരാജയപ്പെട്ട സിനിമകൾ ചെയ്ത നടന്റെ അടുത്തേക്ക് എന്തിനാണ് സിനിമ കൊണ്ടുവരുന്നത് ? അതെന്ത് കൊണ്ടാണ് എന്ന് എനിക്കും അറിയില്ല. എനിക്ക് വരുന്ന സിനിമകൾ കൃത്യമായി ഞാൻ തീർക്കും. എനിക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നല്ല. ഞാൻ അതിനെ ജോലിയായിട്ട് മാത്രമെ കണക്കാക്കുന്നുള്ളൂ. വരുന്ന സ്ക്രിപ്റ്റുകൾ മോശമാണെന്ന് ഞാൻ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. പരാജയങ്ങൾ നേരിട്ടിട്ടും എന്റെ സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ. ഇതൊരു കലയല്ലേ അതിനെ കൊല്ലാൻ പാടുണ്ടോ എന്നൊക്കെ പലരും പറയും. പക്ഷേ എനിക്ക് സിനിമ കലയും കൊലയും ഒന്നുമല്ല. ജോലി മാത്രമാണ്. എനിക്ക് വരുന്ന ജോലി ഞാൻ കൃത്യമായി ചെയ്യും. അത്രേയുള്ളൂ. എന്റെ ചോയ്സ് കൊണ്ട് ഇതുവരെ സിനിമ ചെയ്തിട്ടില്ല. പത്ത് വർഷമായിട്ട് കഥകൾ ഇഷ്ടപ്പെട്ടിട്ടല്ല ഞാൻ സിനിമ ചെയ്തത്”, എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.




















