ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ കണക്കു പരിശോധിക്കുകയാണെങ്കിൽ രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവുണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകത്തിലെ മുഴുവൻ പ്രമേഹ രോഗികളുടെ എണ്ണമെടുത്താൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതായത് ലോകത്തിൽ പ്രമേഹമുള്ളവരുടെ എണ്ണമെടുത്താൽ ആറിൽ ഒരാൾ ഇന്ത്യക്കാരനായിരിക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണെന്നും അതുകൊണ്ട് ഇതിന്റെ പശ്ചാലത്തിൽ ടൈപ്പ്-1 പ്രമേഹ രോഗികള്‍ക്കായി പുതിയ മാര്‍ഗരേഖയും ഐസിഎംആര്‍ പുറത്തിറക്കിയിട്ടുണ്ട്. ടൈപ്പ് -1 പ്രമേഹം കണ്ടെത്തുന്ന പ്രായം കുറച്ച് കൊണ്ടുവന്ന് വളരെ ചെറുപ്പത്തില്‍ പ്രമേഹം പിടിപെടുന്നതിനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ മാര്‍ഗരേഖ ലക്ഷ്യമിടുന്നു. നിലവില്‍ 25-34 പ്രായവിഭാഗത്തില്‍ ടൈപ്പ്-1 പ്രമേഹം വ്യാപകമാണ്. പാന്‍ക്രിയാസ് ഗ്രന്ഥി ആവശ്യത്തിന് ഇന്‍സുലിന്‍ ഉണ്ടാക്കാതെ വരുന്നതിനെ തുടര്‍ന്ന് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്ന രോഗാവസ്ഥയെയാണ് ടൈപ്പ് 1 പ്രമേഹം എന്ന് പറയുന്നത്.
ഇന്‍സുലിനെ കൂടാതെ രക്തത്തിലെ പഞ്ചസാരയ്ക്ക് കോശങ്ങള്‍ക്കുള്ളിലേക്ക് കയറാന്‍ സാധിക്കില്ല. അങ്ങനെ വരുന്ന അവസ്ഥയിൽ ഇവ രക്തപ്രവാഹത്തില്‍ കെട്ടികിടന്ന് പ്രമേഹ രോഗമുണ്ടാക്കുന്നു. അമ്മയ്ക്കോ അച്ഛനോ സഹോദരങ്ങള്‍ക്കോ പ്രമേഹ രോഗ ചരിത്രമുണ്ടെങ്കില്‍ ടൈപ്പ് -1 പ്രമേഹം വരാനുള്ള സാധ്യത മൂന്ന്, അഞ്ച്, എട്ട് ശതമാനമാണ് എന്നിങ്ങനെയാണ്. ലോകത്ത് 20 വയസിന് താഴെയുള്ള ടൈപ്പ് 1 പ്രമേഹം ബാധിച്ചവെരുടെ എണ്ണം ഏകദേശം 11 ലക്ഷം വരുമെന്നാണ് കണക്കുകൾ.
ടൈപ്പ് 1 പ്രമേഹം നിയന്ത്രിക്കാൻ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണക്രമവും ശാരീരിക അധ്വാനവും രോഗനിയന്ത്രണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ടൈപ്പ്-1 പ്രമേഹം വരാതിരിക്കാന്‍ രക്തസമ്മര്‍ദവും ശരീരഭാരവും ലിപിഡ് തോതുകളും നിയന്ത്രിച്ച് നിര്‍ത്തണമെന്നും ഐസിഎംആര്‍ മാർഗനിർദ്ദേശത്തിൽ പറയുന്നു. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെയും കിഴക്കന്‍ ഇന്ത്യക്കാരുടെയും ഭക്ഷണത്തില്‍ എളുപ്പം ദഹിക്കുന്ന സിംപിള്‍ കാര്‍ബോഹൈഡ്രേറ്റിന്‍റെ ശതമാനം വളരെ കൂടുതലാണ്.