കൊച്ചി: ഒരുദിവസം പണിമുടക്കിയ ജീവനക്കാർക്കെതിരെ മൂന്ന് ദിവസത്തെ ഡയസ്നോൺ എങ്ങനെ ബാധകമാക്കുമെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈകോടതി. ഒരുമാസത്തിനകം ഉത്തരവിടണമെന്നും അതുവരെ ഒരുദിവസത്തെ ഡയസ്നോൺ മാത്രം ബാധകമാക്കിയ ഇടക്കാല ഉത്തരവ് തുടരുമെന്നും ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി.
ബി.എം.എസ് യൂനിയനായ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ മേയ് എട്ടിന് 24 മണിക്കൂർ പണിമുടക്കിൽ പങ്കെടുത്തവർക്ക് മൂന്നു ദിവസത്തെ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ യൂനിയൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ഹരജിക്കാർ സമരം നടത്തിയത് മേയ് എട്ടിനാണെങ്കിലും ഏഴിനു തുടങ്ങി എട്ടിനു അവസാനിക്കുന്ന സർവിസുകളെയും മേയ് എട്ടിനു തുടങ്ങി ഒമ്പതിനു അവസാനിക്കുന്ന സർവിസുകളെയും സമരം ബാധിച്ചെന്നും അതിനാലാണ് മൂന്നു ദിവസത്തെ ഡയസ്നോൺ പ്രഖ്യാപിക്കുന്നതെന്നും കെ.എസ്.ആർ.ടി.സി അധിക സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഡയസ്നോൺ എങ്ങനെ ബാധകമാക്കുമെന്നു വ്യക്തമാക്കി ഉത്തരവിറക്കാൻ ഹൈകോടതി നിർദേശിച്ചത്. മേയ് ഏഴിലെ ഡയസ്നോൺ അന്ന് സർവിസ് തുടങ്ങി അടുത്ത ദിവസം അവസാനിക്കുന്ന സർവിസിന് എത്താത്തവർക്കും മേയ് ഒമ്പതിലെ ഡയസ്നോൺ മേയ് എട്ടിനു തുടങ്ങി ഒമ്പതിനു അവസാനിക്കുന്ന സർവിസിന് എത്താത്തവർക്കുമാണ് ബാധകമെന്നും കെ.എസ്.ആർ.ടി.സി വിശദീകരിച്ചിരുന്നു.