ദില്ലി: കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനെച്ചൊല്ലി പാര്‍ലമെന്‍റില്‍ കൊമ്പുകോര്‍ത്ത് ഭരണപ്രതിപക്ഷ അംഗങ്ങള്‍.ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് അതിർരഞ്ജൻ ചൗധരി ചോദിച്ചു.മൻസൂഖ് മാണ്ഡവിയയ്ക്ക് രാഹുൽഗാന്ധിയുടെ ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു.മൻസൂഖ് മാണ്ഡവിയയേ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ നിയോഗിച്ചിരിക്കുകയാണ് എന്നും അധിർരഞ്ജൻ ചൗധരി ആരോപിച്ചു.പെട്ടെന്ന് എന്തുകൊണ്ട് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയെന്ന് കാർത്തി ചിദംബരം ചോദിച്ചു.രാജ്യത്ത് മറ്റ് പരിപാടികൾക്കൊന്നും കോവിഡ് മാനദണ്ഡം ബാധകമല്ലേ എന്നും അദ്ദേഹം ചോദിച്ചു.
കൊവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുൽഗാന്ധിക്ക് കത്തയച്ചിരുന്നു. രാജസ്ഥാനിൽ തുടരുന്ന ജോഡോ യാത്രയിൽ മാസ്കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്.പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.