ഉറക്കാൻ കിടത്തിയിട്ട് ഉറങ്ങാത്തതിനെ തുടർന്ന് 14 മാസം പ്രായമായ കുഞ്ഞിനെ ആയ കടിച്ചു. സിംഗപ്പൂരിൽ ആണ് സംഭവം. മാതാപിതാക്കൾ ജോലിക്ക് പോകുന്നതിനാൽ കുഞ്ഞിനെ നോക്കാനും വീട്ടുജോലികൾക്കുമായി നിയമിച്ച യുവതിയാണ് ഏറെനേരം ശ്രമിച്ചിട്ടും കുഞ്ഞ് ഉറങ്ങാതിരുന്നതിനെ തുടർന്ന് ദേഷ്യം കയറി കുഞ്ഞിൻറെ കയ്യിൽ കടിച്ചത്. കുഞ്ഞിൻറെ അമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ആറുമാസത്തേക്ക് ജയിലിൽ അടയ്ക്കുകയും ചെയ്തു.
ഇന്തോനേഷ്യയിൽ നിന്നുള്ള 33 -കാരിയായ മസിത ഖോരിദതുറോച്ച്മ എന്ന യുവതിയാണ് കുഞ്ഞിനെ മാതാപിതാക്കളുടെ അഭാവത്തിൽ കടിക്കുകയും മോശമായി പെരുമാറുകയും ചെയ്തത്. 2021 മുതൽ മസിത ഈ കുടുംബത്തിലെ ജോലിക്കാരിയാണ്. ഇരട്ടക്കുട്ടികളായ പെൺകുട്ടികളെ നോക്കുന്നതോടൊപ്പം തന്നെ വീട്ടുജോലികളും ഇവർ ചെയ്തിരുന്നു. 2022 മെയ് 26 -നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൂത്ത കുട്ടിയെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു വരാനായി കുട്ടികളുടെ അമ്മ പുറത്തുപോയ സമയത്താണ് ഇത്തരത്തിൽ ഒന്ന് സംഭവിക്കുന്നത്. ഈ സമയം 14 മാസം പ്രായമുണ്ടായിരുന്ന ഇരട്ടക്കുട്ടികളെ ഉറക്കാനുള്ള ശ്രമത്തിലായിരുന്നു മസിത. എന്നാൽ കുട്ടികളിൽ ഒരാൾ വേഗത്തിൽ ഉറങ്ങുകയും രണ്ടാമത്തെയാൾ അരമണിക്കൂറിലേറെ ശ്രമിച്ചിട്ടും ഉറങ്ങാതെ വരികയും ചെയ്തതോടെയാണ് ദേഷ്യം കയറിയ യുവതി കുട്ടിയുടെ കയ്യിൽ കടിച്ചത്.
പിന്നീട് വീട്ടിലെത്തിയ അമ്മ കുട്ടിയെ എടുത്തപ്പോഴാണ് കൈയിൽ കടിച്ച പാട് കാണുന്നത്. തുടർന്ന് ആയയോട് കാര്യം തിരക്കിയെങ്കിലും അവർ ഒന്നും വ്യക്തമായി പറഞ്ഞില്ല. തുടർന്ന് വീണ്ടും ആയയെ ചോദ്യം ചെയ്തപ്പോഴാണ് താൻ കുട്ടിയുടെ കയ്യിൽ കടിച്ചതായി അവർ സമ്മതിച്ചത്. ഉടൻതന്നെ കുട്ടികളുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് യുവതിയെ കോടതിയിൽ ഹാജരാക്കുകയും മനപ്പൂർവ്വം കുട്ടിയെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിന് അവരെ ആറുമാസം തടവ് ശിക്ഷക്ക് വിധിക്കുകയും ചെയ്തു.