ദില്ലി: ദില്ലിയിലെ കേശോപുര്‍ മാണ്ഡിക്ക് സമീപം 40 അടിതാഴ്ചയുള്ള കുഴല്‍ കിണറില്‍ വീണത് കുട്ടിയല്ലെന്ന് ഫയര്‍ഫോഴ്സ്. വീണയാള്‍ക്ക് 18വയസിനും 20 വയസിനും ഇടയില്‍ പ്രായമുണ്ടെന്നും ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് സംശയിക്കുന്നുണ്ടെന്നും ഫയര്‍ഫോഴ്സ് വ്യക്തമാക്കി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വീണയാളെ രക്ഷിക്കാനുള്ള ദൗത്യം പത്ത് മണിക്കൂര്‍ പിന്നിട്ടു.
സമാന്തരമായി കുഴിയെടുക്കാൻ തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു. വീണത് ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ദില്ലി ജല്‍ ബോര്‍ഡിന്‍റെ സ്ഥലത്തെ കുഴല്‍ കിണറിലാണ് യുവാവ് വീണത്. ആദ്യഘട്ടത്തില്‍ കുട്ടിയാണ് വീണതെന്നായിരുന്നു വിവരം. ദില്ലി മന്ത്രി അതിഷി മര്‍ലെന സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അതേസമയം, സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. കെജ്രിവാള്‍ സര്‍ക്കാരിന്‍റെ വീഴ്ചയാണെന്നാരോപിച്ചാണ് പ്രതിഷേധം. 40 അടി താഴ്ചയും 1.5 അടി വീതിയമുള്ള കുഴല്‍കിണറിനുള്ളിലാണ് യുവാവ് വീണത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത് സംബന്ധിച്ച് വികാസ്പുരി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. സംഭവം നടന്ന ഉടനെ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സും ദില്ലി പൊലീസുമാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് വീര് പ്രതാപ് സിങിന്‍റെ നേതൃത്വത്തിലുള്ള എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷപ്പെടുത്താനാണ് ശ്രമം.