ഇന്ന് ഇന്‍റര്‍നെറ്റിന്‍റെ ലോകത്ത് സര്‍വ്വവും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) മയമാണ്. കഥ, കവിത, ലേഖനം എന്ന് തുടങ്ങി ചിത്രം വരയ്ക്കുന്നതിന് വരെ ഇന്ന് എഐ ചാറ്റ്ബോട്ടിന്‍റെ സഹായം തേടുകയാണ് ആളുകള്‍. അതിനിടെയാണ് താന്‍ ക്ലാസില്‍ കയറാതെ വീട്ടിലിരുന്ന് എഐ ചാറ്റ്ബോട്ടിന്‍റെ സഹായത്തോടെ പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് നേടിയെന്ന അവകാശവാദവുമായി ഒരു വിദ്യാര്‍ത്ഥി സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ എഴുതിയത്. പരീക്ഷയില്‍ മാര്‍ക്ക് നേടിയ കഥയായതിനാലാവാം ആ കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി.
വിദ്യാഭ്യാസത്തെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള തന്‍റെ അനുഭവമാണിതെന്ന് പറഞ്ഞ് കൊണ്ടാണ് വിദ്യാര്‍ത്ഥി തന്‍റെ കുറിപ്പ് തുടങ്ങുന്നത്. ഒരു ക്ലാസില്‍ പോലും കയറാതെ അധ്യാപകരുടെ ഒരു ലക്ചര്‍ പോലും കേള്‍കാതെ തനിക്ക് എങ്ങനെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ചാറ്റ് ബോട്ടിനെ ഉപയോഗിച്ച് അതും മൂന്ന് ദിവസം മാത്രം പഠിച്ച് സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഉന്നത വിജയം നേടാനായി എന്ന് വിദ്യാര്‍ത്ഥി എഴുതുന്നു.
സെമസ്റ്ററിന്‍റെ ഭൂരിഭാഗം സമയത്തും സ്കൂളിന് പകരം വീട്ടിലിരിക്കേണ്ടി വന്നു. അതിനിടെയാണ് മൂന്ന് ദിവസം കഴിഞ്ഞ് പരീക്ഷയാണെന്ന് മനസിലായത്. ആഴ്ചയില്‍ മൂന്ന് നാല് മണിക്കൂര്‍ വച്ച് 12 ആഴ്ചകളിലായി നടന്ന അധ്യാപകരുടെ ഒരു ലക്ചര്‍ ക്ലാസിന് പോലും കയറിയിട്ടില്ല. ഇത്രയും നീണ്ട മണിക്കൂറുകളില്‍ പഠിപ്പിച്ച പാഠ ഭാഗങ്ങളില്‍ ഏത്, എവിടെ മുതല്‍ പഠിക്കണം എന്നതിനെ കുറിച്ച് ഒരു ധാരണയുമില്ല. ഈ സന്നിഗ്ധാവസ്ഥയിലാണ് വിദ്യാര്‍ത്ഥി ചാറ്റ് ബോട്ടിന്‍റെ സഹായം തേടിയത്. ലക്ചര്‍ നോട്ടുകള്‍ ചാറ്റ് ബോട്ടിന് നല്‍കി അതില്‍ പരീക്ഷയ്ക്ക് ആവശ്യമായ ഭാഗങ്ങള്‍ ഏതൊക്കെയെന്ന് ചുരുങ്ങിയ വാക്കില്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.
ചാറ്റ്ബോട്ട് തങ്ങളുടെ അല്‍ഗോരിതം ഉപയോഗിച്ച് പരീക്ഷയ്ക്കാവശ്യമായ ഭാഗങ്ങള്‍ കണ്ടെത്തി സംഗ്രഹിച്ച് വിദ്യാര്‍ത്ഥിക്ക് നല്‍കി. പിന്നീട് അതില്‍ പ്രധാനപ്പെട്ട പോയന്‍റുകള്‍ മാത്രം വിശദീകരിക്കാന്‍ വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. അങ്ങനെ 30-40 മണിക്കൂര്‍ ലക്ചര്‍ നോട്ടുകള്‍ മൂന്നാല് മണിക്കൂറായി ചുരുക്കാന്‍ സാധിച്ചു. പിന്നീട് ഇത് മാത്രം പഠിച്ച് പരീക്ഷയെഴുതി. റിസള്‍ട്ട് വന്നപ്പോള്‍ ഒരു ലക്ചര്‍ ക്ലാസിന് പോലും കയറാതെ മൂന്ന് ദിവസം മാത്രം പഠിച്ച് പരീക്ഷയെഴുതിയ തനിക്ക് 94 ശതമാനം മാര്‍ക്ക് ലഭിച്ചെന്നും വിദ്യാര്‍ത്ഥി പറയുന്നു. നാല് ദിവസം മുമ്പ് എഴുതിയ കുറിപ്പ് ഇതിനകം എണ്ണായിരത്തി എഴുനൂറിലധികം പേര്‍ ലൈക്ക് ചെയ്തു. നിരവധി പേര്‍ കുറിപ്പെഴുതി. ‘ആവശ്യമായ കാര്യങ്ങള്‍ മാത്രം എടുത്ത് തരുന്നതിനാല്‍ എഐ സമയം ലഭിക്കുന്നു’ എന്ന് ഒരാള്‍ എഴുതി.