മുംബൈ: മുംബൈയില്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തുറിച്ച് നോക്കിയെന്ന് ആരോപിച്ചാണ് 28 കാരനായ യുവാവിനെ സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയിലെ മാട്ടുംഗയില്‍ ഒരു റെസ്റ്റോറന്റിന് സമീപത്താണ് സംഭവം നടന്നത്. കോള്‍ സെന്‍റര്‍ ജീവനക്കാരനായ റോണിത് ഭലേക്കർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്
തങ്ങളെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് അക്രമി സംഘം യുവാവിനോട് ഉടക്കി. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയിലേക്കും കൊലപാതകത്തിലേക്കുമെത്തിയത്. സംഭവ സമയത്ത് കൊല്ലപ്പെട്ട റോണിത് ഭലേക്കർ ഒരു സുഹൃത്തിനൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഈ സമയം അതുവഴി പോയ യുവാക്കളാണ് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനോട് ഉടക്കയിത്.
വഴക്കിനൊടുവില്‍ ബെല്‍റ്റ് ഉപയോഗിച്ചും കൈകള്‍ കൊണ്ടും ഇടിച്ചും മൂന്നംഗ സംഘം യുവാവിനെ മര്‍ദിച്ചവശനാക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും അടിയേറ്റ് സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞ് വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബെല്‍റ്റുകൊണ്ടുള്ള അടിയേറ്റ് തലയ്ക്കും മുറിവുണ്ടായിരുന്നു. യുവാവിനെ മര്‍ദ്ദിച്ച മൂന്ന് പേരെയും പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.