ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുമോയെന്ന അഭ്യൂഹങ്ങളെ തള്ളാതെയും കൊള്ളാതെയും കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ്. ബി.ജെ.പിയിലേക്കാണോ എന്ന ചോദ്യത്തിന് ‘ആരോടും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല’ എന്ന് മാത്രമാണ് കമൽനാഥ് മറുപടി നൽകിയത്. ‘അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കും’ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കമൽനാഥും അദ്ദേഹത്തിന്റെ മകനും എം.പിയുമായ നകുൽനാഥും ബി.ജെ.പിയിൽ ചേരുമെന്നാണ് ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹം.
രാജ്യസഭ സീറ്റ് കോൺഗ്രസ് നിഷേധിച്ചതിനുപിന്നാലെയാണ് കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്. ഇതിന് പിന്നാലെ കമൽനാഥ് ഡൽഹിയിലെത്തിയത് ബി.ജെ.പിയുമായി ചർച്ച നടത്താനാണെന്നും വിലയിരുത്തപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി വിളിച്ച രണ്ടുദിവസത്തെ നേതൃസമ്മേളനത്തിനിടയിലാണ് കമൽനാഥിന്റെ വരവ്.
കമൽനാഥും മകനും എം.പിയുമായ നകുൽനാഥും ബി.ജെ.പിയിൽ ചേരുന്നുവെന്ന അഭ്യൂഹം കുറച്ചു ദിവസമായുണ്ട്. രാജ്യസഭ സീറ്റ് നേടിയെടുക്കാനുള്ള സമ്മർദമെന്ന പോലെയാണ് ഊഹാപോഹം പ്രചരിച്ചത്. കമൽനാഥ് മൗനം പാലിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജ്യസഭ സ്ഥാനാർഥിയായി അശോക് സിങ്ങിനെ കോൺഗ്രസ് ഹൈകമാൻഡ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെയാണ് കമൽനാഥിന്റെ ഡൽഹി യാത്ര.
മധ്യപ്രദേശിൽ കോൺഗ്രസിന്റെ ഏക എം.പിയാണ് മകൻ നകുൽ നാഥ്. സമൂഹ മാധ്യമങ്ങളിലെ തന്റെ മേൽവിലാസങ്ങൾക്കൊപ്പം ഇതുവരെ ഉണ്ടായിരുന്ന കോൺഗ്രസിന്റെ പേര് നകുൽ നാഥ് നീക്കിയത് അഭ്യൂഹം ശക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും ചിന്ദ്വാഡയിൽ സ്ഥാനാർഥിയായിരിക്കുമെന്ന് നകുൽ നാഥ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിക്കാര്യങ്ങളിൽ കോൺഗ്രസ് തീരുമാനമൊന്നും എടുക്കാതിരിക്കെത്തന്നെയാണിത്.