കൊല്ലം: ജില്ലയിൽ ഇന്ന് രാവിലെ 3 വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ലോറി അപകടങ്ങളിലായി 3 മരണം. രണ്ട് ക്ലീനർമാരും ഒരു ഡ്രൈവറുമാണ് മരിച്ചത്. ചാത്തന്നൂരിൽ മെറ്റൽ ഇറക്കിക്കൊണ്ടിരുന്ന ലോറി ചെരിഞ്ഞ് അതിനടിയിൽപ്പെട്ടാണ് മാർത്താണ്ഡം സ്വദേശിയായ ക്ലീനർ വിജിൻ (35) മരിച്ചത്. ഒന്നര മണിക്കൂറിനുശേഷമാണ് പുറത്തെടുക്കാനായത്. ഡ്രൈവർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ 6 മണിയോടെയാണ് അപകടം.
കൊട്ടാരക്കര മൈലത്ത് എംസി റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കു ലോറിക്കു പിന്നിലേക്ക് പാഴ്സൽ ലോറി ഇടിച്ചു കയറി പാഴ്സൽ ലോറിയിലെ ക്ലീനർ തമിഴ്‌നാട് തെങ്കാശ്ശി സ്വദേശി അറുമുഖം സ്വാമി (25) മരിച്ചു. രാവിലെ 5 നാണ് അപകടം.കടയ്ക്കൽ കല്ലുതേരിയിലെ കരിങ്കൽക്വാറിയിൽ രണ്ട് ടിപ്പറുകൾക്കിടയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. അഞ്ചൽ കരുകോൺ സ്വദേശി മുഹമ്മദ് ബാദുഷ (ബാഷ) ആണ് മരിച്ചത്. സുഹൃത്തിന്റെ ടിപ്പർ ഡീസൽ തീർന്ന് കിടന്നപ്പോൾ സഹായിക്കാനെത്തിയതായിരുന്നു. ഇതിനിടെ ഇത് മുന്നോട്ടു നീങ്ങിയപ്പോൾ കൈ കൊണ്ട് ബ്രേക്ക് പിടിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ടിപ്പറിനിടെ ഞെരുങ്ങി മരിക്കുകയായിരുന്നു. രാവിലെ 9.30 നാണ് അപകടമുണ്ടായത്.