തിരുവനന്തപുരം: ഡീഗോ ഗാർഷ്യ ദ്വീപിൽ ബ്രിട്ടീഷ് സേനയുടെ പിടിയിലായ തമിഴ്നാട് സ്വദേശി ഉൾപ്പെടെയുള്ള പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇന്ത്യൻ തീര സംരക്ഷണ സേനക്ക് കൈമാറിയ ഇന്ത്യക്കാരെ ഇന്നലെയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചത്. ബോട്ടിന്റെ ഉടമസ്ഥനായ തമിഴ്നാട് തൂത്തുർ സ്വദേശി ബോസ്കോ ജെറിൻ ചാൾസും എട്ട് അസാം സ്വദേശികളും ഒരു ജാർഖണ്ഡ് സ്വദേശി ഉൾപ്പെടെയുള്ളവരെയാണ് വിഴിഞ്ഞം തീര സംരക്ഷണ സേന ഏറ്റുവാങ്ങി വിഴിഞ്ഞത്തെത്തിച്ചത്. കഴിഞ്ഞ മാസം ഇരുപതിന് തൂത്തൂർ തീരത്ത് നിന്നാണ് സംഘം മീൻ പിടിക്കാൻ പുറപ്പെട്ടത്.
പത്ത് ദിവസത്തെ യാത്രക്കൊടുവിൽ ഈ മാസം ഒന്നിനാണ് ഇവർ ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാർഷ്യാ ദ്വീപിന്റെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചത്. വില പിടിപ്പുള്ള മീനുകൾ ധാരാളമുള്ള കടൽ മേഖലയിൽ നിന്ന് മീൻ പിടിത്തം തുടരുന്നതിനിടയിൽ ഇക്കഴിഞ്ഞ ആറിന് ബ്രിട്ടിഷ് സേന ഇവരെ പിടികൂടുകയായിരുന്നു. ദ്വീപിന് ചുറ്റുവട്ടത്തെ ഇരുന്നൂറ് കിലോമീറ്റർ ചുറ്റളവിൽ മീൻ പിടിത്ത നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് അറിയാതെ 120 കിലോമീറ്റർവരെ ഉള്ളിലേക്ക് പ്രവേശിച്ച സംഘത്തെ കസ്റ്റഡിയിലെടുത്ത സേന ദ്വീപിലേക്ക് കൊണ്ടുപോയി. ബ്രിട്ടീഷ് സേന ഒരാഴ്ച ഇവരെ തടവിൽ പാർപ്പിച്ചു. പിന്നാലെ മത്സ്യബന്ധന ബോട്ടിന് 66000 പൗണ്ട് (ഏകദേശം 66 ലക്ഷം രൂപ) പിഴയിട്ടു.
പിഴത്തുക അടക്കുന്നതുവരെ ബോട്ട് പിടിച്ചുവെച്ച അധികൃതർ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുകയായിരുന്നു. ബി.ഐ.ഒ.ടി എന്ന കപ്പലിൽ ഉൾക്കടലിൽ എത്തിച്ച ശേഷം ഇന്ത്യന്‍ കോസ്റ്റ് ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ കപ്പലായായ സി. 427 ഉൽക്കടലിൽ എത്തി ഇന്നലെ രാവിലെ മത്സ്യ തൊഴിലാളികളെ ഏറ്റുവാങ്ങുകയായിരുന്നു. ഉച്ചക്ക് വിഴിഞ്ഞത്ത് കൊണ്ടുവന്ന തൊഴിലാളികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഫിഷറീസ് അധികൃതർക്ക് കൈമാറിയതായി വിഴിഞ്ഞം സ്റ്റേഷൻ കമാണ്ടർ കമാണ്ടന്റ് ജി.ശ്രീകുമാർ പറഞ്ഞു. തുടർന്ന് തമിഴ്നാട് ഫിഷറീസ് അധികൃതർ എത്തി വൈകുന്നേരത്തോടെ സംഘത്തെ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടു പോയി.