പട്ന ∙ ഡീസൽ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും ഏപ്രിൽ ഒന്നു മുതൽ പട്ന നഗരത്തിൽ നിരോധനം. നഗരത്തിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണു ഡീസൽ ബസ്, ഓട്ടോറിക്ഷകൾക്കു നിരോധനം ഏർപ്പെടുത്തിയത്. വൈകാതെ പെട്രോൾ ഓട്ടോറിക്ഷകൾക്കും നിരോധനമുണ്ടാകും.
ഡീസൽ വാഹന നിരോധനം രണ്ടു വർഷം മുൻപേ നടപ്പാക്കേണ്ടതായിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ നീണ്ടു പോകുകയായിരുന്നു. 2020 ജനുവരിയിൽ നടപ്പിലാക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും മാർച്ച് 31 വരെ നീട്ടി നൽകി. തുടർന്നു കോവിഡ് ലോക്ഡൗൺ വന്നതോടെ നടപ്പാക്കൽ നീട്ടിവച്ചു.പട്ന നഗരത്തിൽ 250 ഡീസൽ ബസുകളും 12,000 ഡീസൽ ഓട്ടോറിക്ഷകളുമുണ്ടെന്നാണു കണക്ക്. പെട്രോൾ ഓട്ടോറിക്ഷകൾ 8000 എണ്ണവും. നഗരത്തിൽ നിലവിൽ 16 സിഎൻജി പമ്പുകളുള്ളതു മൂന്നു മാസത്തിനകം ഇരട്ടിയാക്കും.