തിരുവനന്തപുരം ∙ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്.ശ്രീജിത്തിന്റെയും വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിന്റെയും കസേര തെറിച്ചത് തികച്ചും അപ്രതീക്ഷിതമായി. നടിയെ പീഡിപ്പിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രതിയായ നടൻ ദിലീപിനു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ ബി. രാമൻപിള്ളയ്ക്ക് എതിരെ ക്രൈംബ്രാഞ്ച് നീങ്ങിയതാണു ശ്രീജിത്തിന്റെ സ്ഥാന ചലനത്തിന്റെ കാരണമെന്നാണു സൂചന.
2016ലെ ചൈനീസ് യാത്രയും തലസ്ഥാനത്തെ സ്വർണക്കടയിൽ നിന്നു വൻ കിഴിവിൽ സ്വർണം വാങ്ങിയെന്ന ആരോപണത്തിലും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണമാണു സുദേഷിനു വിനയായത്. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരായ വിജിലൻസ് അന്വേഷണം അകാരണമായി നീട്ടുന്നതും. നടിയെ പീഡിപ്പിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്.
വധ ഗൂഢാലോചന കേസിൽ രാമൻപിള്ളയുടെ ഫോൺ സംഭാഷണം പുറത്തു വന്നതും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും അഭിഭാഷകർക്കിടയിൽ പ്രതിഷേധം ഉയർത്തിയിരുന്നു. സർവീസിൽ ഇതാദ്യമായാണു ശ്രീജിത്ത് പൊലീസ് സേനയ്ക്കു പുറത്തു നിയമിക്കപ്പെടുന്നത്. അവിഹിത സ്വത്തു സമ്പാദന കേസിൽ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരായ തുടരന്വേഷണം വൈകിപ്പിക്കുന്നു എന്നതുൾപ്പെടെ പരാതി മുഖ്യമന്ത്രിക്കു ലഭിച്ചതും സുദേഷിനു വിനയായി. മാത്രമല്ല, തച്ചങ്കരി കേരള ഫിനാൻഷ്യൽ കോർപറേഷൻ എംഡിയായിരിക്കെ നടത്തിയ ചില വായ്പ ഇടപാടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവിട്ടതും അതിനു സർക്കാർ അനുമതിക്കായി ഫയൽ അയച്ച എസ്പി അടക്കമുള്ളവർക്കു മെമ്മോ നൽകിയതും അതൃപ്തിക്ക് കാരണമായി . 2016 ഒക്ടോബറിൽ സുദേഷ് കുടുംബ സമേതം ചൈന സന്ദർശിച്ച സംഭവത്തിൽ കോഴിക്കോട്ടെ ബിസിനസുകാരൻ നൽകിയ എയർ ടിക്കറ്റ്, ഹോട്ടൽ ബില്ലുകൾ എന്നിവ പരാതിക്കാരൻ വഴി ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചിരുന്നു. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയ വ്യക്തിയായിരുന്നു ഈ ബിസിനസുകാരൻ. തലസ്ഥാനത്തെ സ്വർണക്കടയിൽ നിന്നു ആഭരണം വാങ്ങിയപ്പോൾ വൻ കിഴിവ് ചോദിച്ചു വാങ്ങിയെന്ന പരാതിയിലും ഇദ്ദേഹം തെളിവു നൽകി.