കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.രണ്ടാം ദിവസമായ ഇന്നും രാവിലെ 9ന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിട്ടുണ്ട്. ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപിന്റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. അഞ്ച് പൊലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്. ഈ മൊഴികളിലെ വൈരുദ്ധ്യം മുന്‍ നിര്‍ത്തിയാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ആണ് മൊഴി എടുക്കല്‍. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ് പി മോഹനചന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും എസ്പി പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് രാവിലെ 8.40 നാണ് ആലുവയിലെ പദ്മസരോവരം വീട്ടില്‍ നിന്ന് ചോദ്യം ചെയ്യലിനായി ഇന്നലെ പ്രതികള്‍ പുറപ്പെട്ടത്. ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരി ഭര്‍ത്താവുമായ സുരാജ് എന്നിവരുമുണ്ടായിരുന്നു. 8.52ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എതാണ്ട് ഇതേ സമയത്തുതന്നെ കേസിലെ മറ്റു രണ്ടു പ്രതികളായ ബാബു ചെങ്ങമനാടും അപ്പുവും ഹാജരായിരുന്നു. കൊലപാതക ഗൂഡാലോചന സംബന്ധിച്ച് ദിലീപിനും കൂട്ടുപ്രതികള്‍ക്കും പറയാനുളളത് മുഴുവന്‍ കേള്‍ക്കുകയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചെയ്തത്. ദിലീപ് സഹകരിച്ചെന്ന് ഉദ്യോഗസ്ഥര്‍ പരസ്യമായി പറയുമ്പോഴും വിശദീകരണം ആവശ്യപ്പെട്ട ചില കാര്യങ്ങളിലെ ദിലീപിന്റെ നിഷേധാത്മക നിലപാട് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നുണ്ട്.
ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ തുടരന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ വാദം. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍,
സി.ടി. രവി കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.