കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്. രാവിലെ 10.15ന് ഹൈക്കോടതിയില്‍ ജസ്റ്റീസ് പി ഗോപിനാഥിന്റെ ബെഞ്ചിലാണ് തീരുമാനമുണ്ടാകുക. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റുചെയ്യാനുളള തീരുമാനത്തിലാണ് അന്വേഷണസംഘം. എന്നാല്‍ വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചാല്‍ പ്രോസിക്യൂഷന് തിരിച്ചടിയാകും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. സാക്ഷി എന്ന നിലയില്‍ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയില്‍ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബൈജു പൌലോസിന്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരന്‍ മാത്രമാണ് ബൈജു പൌലോസെന്നും അല്ലാതെ അയാള്‍ അന്വേഷണസംഘത്തില്‍ ഇല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷന്‍ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാര്‍ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാന്‍ സി.ഐ ബൈജു പൌലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
ഈ വാദങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി മറുപടി നല്‍കുകയായിരുന്നു പ്രോസിക്യൂഷന്‍. ഹര്‍ജിയില്‍ അനന്തമായി വാദം നീളുന്നുവെന്ന വിമര്‍ശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസില്‍ അന്തിമമായി തീര്‍പ്പുണ്ടാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ.ഷാജിയാണ് പ്രോസിക്യൂഷക്കാനായി വാദിക്കുന്നത്