ആലുവ: ദിലീപിൻറെ വീട്ടിൽ വ്യാഴാഴ്ച്ച അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പ്രധാനമായും ലക്ഷ്യമിട്ടത് തോക്ക് കണ്ടെത്താൻ. ഗൂഢാലോചന സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച്ച കോടതി ദിലീപിന്റെ മുൻകൂർ ജാമ്യേപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ പരമാവധി വിവരങ്ങളും തെളിവുകളും ഹാജരാക്കലാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അതിലൂടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞ് ദിലീപിനെ കസ്‌റ്റഡിയിൽ എടുക്കാൻ കഴിയും. അതിനാൽ തന്നെ അതിന് ബലമേകുന്ന വളരെ നിർണായകമായ തെളിവുകൾ തേടിയാണ് അന്വേഷണ ഉദ്യോഗസ്‌ഥർ വ്യാഴാഴ്ച്ച തന്നെ പരിശോധന നടത്തിയത്.
വീട്ടിൽ റെയ്ഡ് തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോൾ തന്നെ വെള്ള ഇന്നോവ കാറിൽ ദിലീപ് വീട്ടിലെത്തി. റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്‌ഥലത്ത് എത്തിയിരുന്നു. മൂന്നര മണിക്കൂർ പിന്നിട്ടപ്പോൾ ദിലീപിന്‍റെ അഭിഭാഷകരും ആലുവയിലെ ‘പത്മസരോവരം’ വീട്ടിലെത്തി. അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന കേസിൽ രണ്ടാം പ്രതിയെന്ന നിലയിലാണ് അനൂപിന്റെ വീട്ടിൽ പരിശോധന നടത്തിയതെന്ന് ഉച്ചയോടെ ദിലീപിൻറെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ എസ്.പി മോഹനചന്ദ്രൻ വ്യക്തമാക്കി.ദിലീപിന്റെ വീട്ടിൽ ഉച്ചക്ക് 12ന് ആരംഭിച്ച പരിശോധന വൈകീട്ട് 6.45നാണ് അവസാനിച്ചത്. പരിശോധനയിൽ മൂന്ന് മൊബൈൽ ഫോണുകൾ, ഐപാഡുകൾ, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.