കൊച്ചി: ദിലീപിന്‍റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളെന്ന് ക്രൈംബ്രാഞ്ച്. ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികളാണ് ദിലീപ് നല്‍കുന്നത്. തെളിവുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടികളാണ് നല്‍കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗുഢാലോചനയെന്ന ആരോപണം തെറ്റാണ്. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല. കോടതിയിൽ അക്രമദൃശ്യങ്ങൾ കാണിച്ചപ്പോൾ അതുവേണ്ടെന്ന് പറഞ്ഞു. നടിയെ ആ അവസ്ഥയിൽ കാണാൻ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. ബിഷപ്പുമായി ബന്ധപ്പെടുത്തിയുള്ള ദിലീപിന്‍റെ വാദത്തിൽ ഒരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അന്വേഷണം വഴിതിരിച്ച് വിടാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നടൻ ദീലിപിന്‍റെയും കൂട്ടുപ്രതികളുടെയും ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുകയാണ്. ദിലീപിനെതിരെ കൂടുതൽ തെളിവുകളുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ രാത്രി എട്ടിന് അവസാനിക്കും. ഹൈക്കോടതി ഉത്തരവിനെതുടർന്ന് രാവിലെ 8.40 നാണ് ആലുവയിലെ പദ്മസരോവരം വീട്ടിൽ നിന്ന് പ്രതികൾ പുറപ്പെട്ടത്. ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരീ ഭർത്താവുമായ സുരാജ് എന്നിവരുമുണ്ടായിരുന്നു. 8.52 ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എതാണ്ട് ഇതേ സമയത്തുതന്നെ കേസിലെ മറ്റു രണ്ടു പ്രതികളായ ബാബു ചെങ്ങമനാടും അപ്പുവും ഹാജരായി. 9 മണിക്ക് തന്നെ നടപടികൾ തുടങ്ങി.
എസ് പി മോഹന ചന്ദ്രന്‍റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ആദ്യഘട്ടത്തിൽ മൊഴിയെടുത്തത്. പ്രതികളായ അഞ്ചുപേരെയും വെവ്വേറെ ഇരുത്തിയാണ് ചോദ്യം ചെയ്തത്. ഇതിനായി പ്രത്യേക ചോദ്യാവലിയും തയാറാക്കിയിരുന്നു. ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തും ഐജി ഗോപേഷ് അഗർവാളും ചോദ്യം ചെയ്യൽ കേന്ദ്രത്തിലെത്തി. തുടർന്ന് ഇരുവരും ദിലീപിനെ നേരിട്ട് ചോദ്യം ചെയ്തു. പ്രതികളുടെ മൊഴികൾ വിശദമായി പരിശോധിച്ചശേഷമാകും തുടർ നടപടികളെന്ന് എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു.