കൊച്ചി : ഗൂഢാലോചന കേസില്‍ ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിനെതിരെ ദിലീപ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിക്ക് ഫോണ്‍ കൈമാറാന്‍ കഴിയില്ല. നാല് ഫോണുകള്‍ കൈവശമുണ്ടെന്നും മറ്റ് രണ്ട് ഫോണുകള്‍ മുംബൈയിലെ ലാബിലാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എല്ലാ ഫോണുകളും കൈമാറാനാകില്ലെന്നും അതിന്റെ കാരണം കോടതിയെ അറിയിക്കാമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഏത് ഏജന്‍സി തെളിവ് പരിശോധിക്കണമെന്നത് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപും മറ്റ് പ്രതികളും ആറ് ഫോണുകളും കോടതിക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എല്ലാ ഫോണുകളും ദിലീപ് തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 10.15ന് മുന്‍പ് ഹാജരാക്കണം. ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഫോണ്‍ നല്‍കില്ലെന്ന് പ്രതിക്ക് പറയാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനാണ് മുദ്രവച്ച കവറില്‍ ഫോണുകള്‍ കൈമാറേണ്ടത്.
ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷന്റെ ഉപഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ പ്രത്യേക സിറ്റിംഗ് പുരോഗമിക്കുകയാണ്. ഫോണ്‍ ആരു പരിശോധിക്കുമെന്നത് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണെന്ന് കോടതി വ്യക്തമാക്കി. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണുകള്‍ മാറ്റിയത് ഗൂഢാലോചനയുടെ തെളിവാണ്. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.