കൊച്ചി : സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതാണ് ശത്രുവാകാന്‍ കാരണം. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം നിരസിച്ചതും ശത്രുതകൂട്ടി. ബാലചന്ദ്രകുമാറുമായുള്ള ചാറ്റുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. തനിക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ വിശ്വസനീയമല്ല. സംസാരം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ടാബ് കണ്ടെത്താനായിട്ടില്ല. തെളിവുകള്‍ കെട്ടിച്ചമച്ചതിന്റെ വ്യക്തമായ സൂചനയാണിതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍, ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവു അനുസരിച്ചാണ് നടപടി.