കൊച്ചി : ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച് പ്രതികൾ. ഇന്നലെയാണ് അന്വേഷണ സംഘത്തിന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ മറുപടി നൽകിയത്. അന്വേഷണ സംഘം ശബ്‌ദ പരിശോധനയ്ക്കായി നോട്ടീസ് അയച്ചപ്പോൾ അന്ന് സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം. അന്ന് അന്വേഷണ സംഘം നോട്ടീസ് വീട്ടിൽ പതിച്ച് മടങ്ങുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള വാദം ഹൈക്കോടതിയിൽ ഉയർന്നു വന്നതിനെ തുടർന്ന് ഡിജിപി പ്രതികരിക്കുകയായിരുന്നു. ശബ്‌ദ പരിശോധനയ്ക്കായി നോട്ടീസ് അയച്ചപ്പോൾ അത് കൈപ്പറ്റാൻ പോലും പ്രതികൾ തയാറായിരുന്നില്ല.അന്വേഷണത്തോട് തീർത്തും സഹകരിക്കാത്ത സാഹചര്യമാണ് ഉണ്ടായത്. പിന്നാലെയാണ് അഭിഭാഷകർ വഴി ശബ്‌ദ പരിശോധനയ്ക്ക് പ്രതികൾ സന്നദ്ധത അറിയിച്ചത്. എന്നാൽ ശബ്‌ദ പരിശോധന ഉടൻ നടത്തുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
ശബ്ദ സാമ്പിളുകൾ ഉടൻ ശേഖരിക്കുക അത് തിരുവനന്തപുരം എഫ് എസ് എൽ ലാബിൽ എത്തിച്ച് ബാലചന്ദ്രകുമാർ നൽകിയ ശബ്‌ദ റെക്കോർഡുമായി താരതമ്യപ്പെടുത്തി പരിശോധിക്കുകയാകും ക്രൈം ബ്രാഞ്ച് നീക്കം. അതേസമയം ഗൂഢാലോചനക്കേസില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. ഗൂഢാലോചനയില്‍ ബാലചന്ദ്രകുമാര്‍ ദൃക്സാക്ഷിയാണെന്നും പ്രതികള്‍ അന്വേഷണത്തോട് പൂര്‍ണമായി നിസഹകരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ദിലീപ് നടത്തിയെന്ന് പറയുന്ന സംഭാഷണങ്ങളും പ്രോസിക്യൂഷന്‍ വാദത്തിലുള്‍പ്പെടുത്തി. എന്നാല്‍ പോലീസിന്‍റെ കൈവശമുള്ള നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്‍റെ കയ്യില്‍ നിന്ന് കണ്ടെടുത്തുവെന്ന് വരുത്താനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് ദിലീപ് വാദിച്ചു.