കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വധഗൂഢാലോചനയില്‍ ശരത് പങ്കെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസാമ്പിളുകളില്‍ ശരത്തിന്റെ ശബ്ദമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ ശരത്തിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ശരത് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. വധഗൂഡാലോചനാ സമയത്ത് ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായര്‍ തന്നെയെന്ന് ക്രൈംബ്രാഞ്ച് 2022 ജനുവരി 18നാണ് സ്ഥിരീകരിച്ചത്. ശരത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകളും ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദവും പരിശോധിച്ചാണ്, ശബ്ദം ശരത്തിന്റേത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്.