കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍. ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്യും. അതേസമയം കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിക്രമങ്ങളാണ് ദിലീപ് കേസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഗൂഡാലോചന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനും ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു.
ദിലീപ് കേസില്‍ നിരവധി തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തിയത്. കോടതിക്ക് തന്നെ അസ്വസ്ഥതയുണ്ടായെന്ന് പറയണമെങ്കില്‍ അതെത്ര ശക്തമായ തെളിവുകളായിരിക്കും. കേസിന്റെ ഭാഗമായതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഇപ്പോള്‍ നടത്താന്‍ കഴിയില്ല. കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിക്രമങ്ങളാണ് ദിലീപ് കേസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാവിലെ ചോദ്യം ചെയ്ത് വീട്ടിലേക്ക് വിടുന്നതും പിന്നേറ്റ് പ്രതികള്‍ വീണ്ടും ചോദ്യം ചെയ്യലിന് വരുന്നതുമൊക്കെ ഇതുപോലൊരു സെന്‍സിറ്റീവ് കേസില്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല.
എന്റെ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്. ദിലീപിനെതിരായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളോട് നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യമാണ് അനുവദിക്കാത്തത്’. ബാലചന്ദ്രകുമാര്‍ പറഞ്ഞു.