തിരുവനന്തപുരം : ഈന്തപ്പഴം, മതഗ്രന്ഥം വിതരണ കേസിൽ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കസ്റ്റംസിന് അനുമതി നല്‍കി. മൂന്ന് വർഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. മന്ത്രി കെ.ടി. ജലീലിനേയും പ്രോട്ടോക്കോൾ ഓഫിസറേയുമടക്കം ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നയതന്ത്രചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്‌പെഷ്യല്‍ സ്‌കൂളുകളിലും വിതരണം ചെയ്യുകയാണ് ഉണ്ടായത്. ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
ഡിപ്ലോമാറ്റിക് കാര്‍ഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരില്‍ 4479 കിലോ കാര്‍ഗോ മാര്‍ച്ച് നാലിന് യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ തിരുവനന്തപുരത്തെത്തിയെന്നതാണ് രണ്ടാമത്തെ സംഭവം. ഇതില്‍ 32 പാക്കറ്റുകള്‍ അന്നത്തെ മന്ത്രി കെ.ടി ജലീല്‍ ചെയര്‍മാനായ സിആപ്റ്റിന്റെ അടച്ചുമൂടിയ ലോറിയില്‍ മലപ്പുറത്തെത്തിച്ചെന്നും കണ്ടെത്തിയിരുന്നു.