കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് തൃക്കാക്കര തിരഞ്ഞെടുപ്പിൽ വലിച്ചിഴച്ചത് അനാവശ്യമായി തോന്നുന്നില്ലെന്ന് സംവിധായകനും നടനുമായ ലാൽ. ഇത് നാട്ടിൽ നടക്കുന്ന പ്രശ്നമാണ്. മോശമാണെങ്കിലും നല്ലതാണെങ്കിലും പറയേണ്ടത് ആവശ്യമാണ്. അതെടുത്ത് രണ്ടുപേർ ഉപയോഗിക്കുന്നു. അങ്ങനെ കണ്ടാൽ മതിയെന്ന് ലാൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നടിയെ ആക്രമിച്ച കേസ് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത് തിരഞ്ഞെടുപ്പിന് ഉപയോഗിക്കണോ വേണ്ടയോ എന്നത് ഓരോർത്തർ തീരുമാനിക്കേണ്ട കാര്യമാണ്. മറ്റേത് പ്രശ്നമാണെങ്കിലും ഉപയോഗിക്കുക എന്നത് തിരഞ്ഞെടുപ്പ് തന്ത്രമാണ്. അതിന് ആരെയും കുറ്റം പറയാനാകില്ല.’– ലാൽ പറഞ്ഞു.
ഒരാളുടെ പ്രസംഗം കേട്ട് അയാളുടെ പുറകിൽ പോകുന്ന ആളുകളല്ല ഇന്നത്തേത്. ജനം അതിൽ നിന്നൊക്കെ മാറിക്കഴിഞ്ഞു. വിജയിക്കുന്നത് ആരാണെങ്കിലും അവർ തന്റെ എംഎൽഎ ആണെന്നും അദ്ദേഹം പറഞ്ഞു.