തിരുവനന്തപുരം ∙ യുവസംവിധായിക നയന സൂര്യന്റെ മരണത്തില്‍ മ്യൂസിയം പൊലീസ് തെറ്റിദ്ധരിപ്പിച്ചതായി സഹോദരന്‍ മധു. ദുരൂഹതയില്ലെന്നും മാരകമായ രോഗാവസ്ഥയാണെന്നും പൊലീസ് പറഞ്ഞു. കഴുത്തിലെ പാടുകള്‍ നയനയുടെ നഖം കൊണ്ടതാണെന്ന് കള്ളം പറഞ്ഞു. നയന ആത്മഹത്യ ചെയ്യില്ലെന്നും അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും മധു വ്യക്തമാക്കി.നയന മരിക്കുന്നതിനു തലേന്നു വരെ രണ്ടാഴ്ചയായി കൂടെ താമസിച്ച കൂട്ടുകാരിയിൽ നിന്നടക്കം പൊലീസ് വിവരങ്ങൾ തേടിയില്ലെന്നത് ഉൾപ്പെടെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർ വൈ.എച്ച്. നാഗരാജുവിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അടുപ്പമുള്ള 5 പേരുടെ ഫോൺവിവരം ശേഖരിച്ച് ഫയലിൽ വച്ചതല്ലാതെ അതു വിലയിരുത്തി അന്വേഷിച്ചില്ല.
ഇത്തരം വീഴ്ചകൾ സാധാരണ കേസുകളിൽ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ് എന്ന റിപ്പോർട്ടാണ് കമ്മിഷണറുടേത്. ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് ആദ്യമേയെത്തി അതനുസരിച്ച് കേസ് തീർത്തതായാണ് ഫയൽ പഠിച്ച ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. അന്വേഷിച്ച ഗ്രേഡ് എസ്ഐ സർവീസിൽനിന്നു വിരമിച്ചു. സിഐയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സർവീസിലുണ്ട്.