തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിന്‍ഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് എത്തി രാവിലെ പത്തരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. സംവിധായകന്‍ കമലിന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകുന്നത്. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു. അതേസമയം ഒമിക്രോണ്‍ പശ്ചാതലത്തില്‍ രാജ്യാന്തര ചലച്ചിത്രമള മാറ്റിവയ്ക്കുന്നത് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
നേരത്തെ കെപിഎസി ലളിത കൈകാര്യം ചെയ്ത ഈ പദവിയില്‍ അവര്‍ക്ക് പിന്‍ഗാമിയായി ഗായകന്‍ എം.ജി.ശ്രീകുമാറിനെ നിയമിക്കാന്‍ ആയിരുന്നു സിപിഎം സംസ്ഥാന സമിതിയിലുണ്ടായ ധാരണ. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംജി ശ്രീകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് ഇറങ്ങിയതടക്കമുള്ള സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ എംജിയുടെ നിയമനത്തില്‍ സര്‍ക്കാരും എല്‍ഡിഎഫും പിന്നോട്ട് പോയെന്നാണ് സൂചന.