റിയാദ് : സൗദി ഓജര്‍ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്ത് തുടങ്ങി. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലയാളി തൊഴിലാളികളുള്‍പ്പെടെയുള്ള പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുണ്ടായത്. അഞ്ച് ലക്ഷം റിയാല്‍ വരെ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പണം നല്കി വരുന്നത്. 38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ ഓജര്‍ 2016ലാണ് സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. പത്ത് മാസത്തെ ശമ്പള കുടിശ്ശികയും ആനുകൂല്യവും ലഭിക്കാതെ വന്നതോടെ തൊഴിലാളികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ജീവനക്കാരായ പതിനായിരത്തിലേറെ ഇന്ത്യക്കാരില്‍ 3500ഓളം പേര് മലയാളികളായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി വിധിയെ തുടര്‍ന്ന് കമ്പനിയുടെ ആസ്തികളും മറ്റും വിറ്റ് സ്വരൂപിച്ച തുക വിതരണത്തിനായി മാനവശേഷി വികസന വകുപ്പ് അല്ഇന്മ ബാങ്കിന് കൈമാറുകയായിരുന്നു. നിലവില്‍ സൗദിയിലുള്ളവര്‍ ഇഖാമയുമായി ബാങ്കില്‍ നേരിട്ടെത്തി ഐബാന് ഉള്‍പ്പെടെയുള്ള അക്കൗണ്ട് വിവരങ്ങള്‍ നല്കിയാല് മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും. ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യവും ചേര്‍ത്ത് പലര്‍ക്കും വലിയ തുകയാണ് ലഭിച്ചത്.