ലോകത്തിലെ ഏറ്റവും വലിയ മുതല കാഷ്യസ് 120 -ാം ജന്മദിനം ആഘോഷിച്ചു. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ ഗ്രീൻ ഐലൻഡിലുള്ള മറൈൻലാൻഡ് ക്രോക്കോഡൈൽ പാർക്കിലാണ് ഈ ഭീമൻ മുതലയെ പാർപ്പിച്ചിരിക്കുന്നത്. എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഏറെ ആഘോഷകരമായാണ് മൃഗശാല അധികൃതർ കാഷ്യസിന്റെ ജന്മദിനം ആഘോഷിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മുതല എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ ഏകദേശം 18 അടി നീളമുള്ള ഈ ഭീമൻ മുതല 1987 മുതൽ പാർക്കിലെ അന്തേവാസിയാണ്.
കാഷ്യസിന് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ നൽകിയാണ് പാർക്ക് അധികൃതർ ജന്മദിനം ആഘോഷമാക്കിയത്. ചിക്കനും ട്യൂണയും ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥങ്ങൾ ആയിരുന്നു കാഷ്യസിനായി നൽകിയത്.
1984 -ൽ ഡാർവിന്റെ തെക്ക്- പടിഞ്ഞാറ് 81 കിലോമീറ്റർ അകലെയുള്ള ലാ ബെല്ലെ സ്റ്റേഷനിലെ ഫിന്നിസ് നദിയിൽ നിന്നാണ് ഈ മുതലയെ പിടികൂടിയത് എന്നാണ് മുതല ഗവേഷകനായ പ്രൊഫസർ ഗ്രെയിം വെബ് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കയറുകൊണ്ട് കെണി ഒരുക്കി അതിസാഹസികമായാണ് മുതലയെ പിടികൂടിയത് എന്നും അദ്ദേഹം പറഞ്ഞു. 5 ഇഞ്ച് വലുപ്പത്തിൽ ഇതിൻറെ വാലും മൂക്കിന്റെ ഭാഗങ്ങളും നഷ്ടപ്പെട്ടിട്ടുള്ളതായാണ് അദ്ദേഹം പറയുന്നത്.
പിടിക്കപ്പെട്ട് കുറച്ച് വർഷങ്ങൾക്ക് ശേഷം ജോർജ്ജ് ക്രെയ്ഗ് എന്ന വ്യക്തി കാഷ്യസിനെ വാങ്ങുകയും, 1987 -ൽ അതിനെ ഗ്രീൻ ഐലൻഡിലേക്ക് മാറ്റുകയുമായിരുന്നു. വലിയ മുതലകളെ കുറിച്ചുള്ള അന്താരാഷ്ട്ര ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഇതിന് 120 വയസ്സ് കണക്കാക്കിയതെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. വാർദ്ധക്യത്തിൽ എത്തിയെങ്കിലും മൃഗശാലയിലെ ഇപ്പോഴും സജീവമായ മുതലയാണ് കാഷ്യസ് എന്നും എബിസി ന്യൂസിനോട് സംസാരിക്കവെ മൃഗശാല അധികൃതർ അഭിപ്രായപ്പെട്ടു.