കണ്ണൂര്‍: കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയതിൽ പ്രതികരിക്കേണ്ട നിലയിൽ പ്രാധാന്യമില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ എഎ റഹീം. താൻ ആ കാര്യത്തിൽ മറുപടി പറയേണ്ടതില്ല. ഡിവൈഎഫ്ഐയെ പോറലേൽപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും രാജ്യസഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു.
മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്തത് ഇടതുപക്ഷ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് ഒരു സർക്കാർ സ്കൂൾ പോലും അവശേഷിക്കില്ലായിരുന്നു. ആ നിലയിൽ നിന്ന് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ എത്തിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
നീറ്റ്-നെറ്റ് പരീക്ഷ വിവാദത്തിൽ വിദ്യാർത്ഥികളുടെ ആശങ്കയെ അഭിസംബോധന ചെയ്യാൻ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണ്. എൻ ടി എ അവസാനിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. ആ സംവിധാനം ഒരു പരാജയമാണ്. പ്രവേശനം നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വികേന്ദ്രീകരിച്ചു കൊടുക്കണം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പരീക്ഷകളെക്കുറിച്ച് ഒരു ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.