ദില്ലി: കെസി വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്‌പോര്. കെ.സുധാകരനും എംപിമാരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ വിളിച്ച യോഗത്തിലാണ് നേതാക്കള്‍ തമ്മില്‍ പോര് വിളിച്ചത്. പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് കെ സുധാകരന്റെ നേതൃത്വത്തെ കെ മുരളീധരനും എംകെ രാഘവനും വിമര്‍ശിച്ചു. കെ സുധാകരനെതിരെ ഏഴ് എംപിമാര്‍ പരാതി ഉന്നയിച്ചിരുന്നു. എഐസിസി അംഗങ്ങളായ എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അപമാനിച്ചെന്നും സംഘടനാ സംവിധാനം കുത്തഴിഞ്ഞെന്നും എംപിമാര്‍ പരാതി ഉന്നയിച്ചിരുന്നു.
കെപിസിസി പ്രസിഡന്റും എംപിമാരും തമ്മിലുള്ള തര്‍ക്കം ഹൈക്കമാന്റിനും വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കെ സി വേണുഗോപാല്‍ ചര്‍ച്ച വിളിച്ചത്. എന്നാല്‍ ഇന്നത്തെ ചര്‍ച്ചയും രൂക്ഷമായ വാക്‌പോരിലേയ്ക്ക് എത്തുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ എംപിമാര്‍ ശ്രമിച്ചെന്ന വിമര്‍ശനത്തില്‍ കെ സുധാകരന്‍ ഉറച്ചുനിന്നു. എന്നാല്‍ തന്നെ പിന്തുണച്ചതിന്റെ പേരില്‍ എം കെ രാഘവനെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് ശശി തരൂര്‍ എംപിയും വ്യക്തമാക്കി.