ഹൈദരാബാദ്: കാർ വാങ്ങുകയും വിൽക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ലംബോർഗിനിക്ക് തീയിട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹൈദരാബാദിലാണ് സംഭവം. ഒരു കോടി രൂപ വിലമതിക്കുന്ന 2009 മോഡൽ ലംബോർഗിനിയാണ് വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കത്തി നശിച്ചത്. ലംബോർഗിനി വിൽക്കാനായി ഉടമ ആർക്കെങ്കിലും ആവശ്യമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടമയുടെ സുഹൃത്താണ് മറ്റൊരാളെ വാങ്ങാനായി കണ്ടെത്തിയത്. ഇവർ തമ്മിൽ നേരത്തെ തന്നെ പണപരമായ തർക്കം നിന്നിരുന്നുവെന്നും ഇതിനെച്ചൊല്ലി വീണ്ടും തർക്കം ഉണ്ടാവുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 13ാം തിയ്യതി ശനിയാഴ്ച്ച വൈകുന്നേരം മാമിഡിപ്പള്ളി റോഡിലേക്ക് കാറുമായി ഉടമ എത്തിയപ്പോൾ ഇയാളും മറ്റ് ചിലരും ചേർന്ന് പെട്രോൾ ഉപയോഗിച്ച് കത്തിച്ചതായി പൊലീസ് പറയുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിന് ശേഷമേ സംഭവത്തെ കുറിച്ച് വ്യക്തമാകൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു.