തൃശൂര്‍: മീന്‍ പിടിക്കുന്ന ഊത്തുളിയുമായി അയല്‍വാസിയെ ആക്രമിച്ച കാട്ടൂര്‍ സ്വദേശി പൊലീസ് പിടിയിലായി. കരാഞ്ചിറ മുനയം ബണ്ടിന് സമീപം താമസിക്കുന്ന തുപ്രാടന്‍ വീട്ടില്‍ ദിനേഷ് (53) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദിനേഷ് അയല്‍വാസിയായ പുതുവിട്ടില്‍ ശശി (62) എന്നയാളെയാണ് ആക്രമിച്ചത്. ശശിയുടെ വീട്ടിലെത്തിയ ദിനേഷ് കസേരയില്‍ ഇരിക്കുകയായിരുന്ന ശശിയുടെ നേരെ ഊത്തുളി കൊണ്ട് ഊതുകയായിരുന്നു. ഊത്തുളിയുടെ ഉളി ശശിയുടെ കഴുത്തിലാണ് തറച്ചത്. ഉടന്‍ തന്നെ ഇയാളെ ബന്ധുക്കള്‍ കരാഞ്ചിറ ആശുപത്രിയില്‍ എത്തിച്ച ഉളി സര്‍ജറി ചെയ്ത് ഊരി മാറ്റി. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. പ്രദീപന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ് സി.ജി, നിബിന്, ജിതിന് എന്നിവരാണ് പ്രതിയെ പിടികൂടിയത്.